7:11 PM

(0) Comments

Financial Tips-Mutual Fund

kerala friend


മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതെങ്ങനെ?

മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ നിക്ഷേപിക്കാന്‍ എന്തു ചെയ്യണം?
ആരെ സമീപിക്കണം?
സാധാരണക്കാരായ നിരവധി നിക്ഷേപകരുടെ സംശയമാണിത്.
അല്‍പകാലം മുമ്പു വരെ മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ സേവനം ലഭ്യമാക്കിയിരുന്നെങ്കിലും കമ്മീഷന്‍ സംബന്ധിച്ച സെബിയുടെ ചില പുതിയ നിബന്ധനകള്‍ വന്നതോടെ ഇക്കൂട്ടര്‍ രംഗത്തു നിന്ന് പിന്‍മാറി . എങ്കിലും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് നിരവധി മാര്‍ഗങ്ങളുണ്ട്.


Mutual Fund



നിക്ഷേപം നടത്താനും പിന്‍വലിക്കാനും അതാത് മ്യൂച്വല്‍ ഫണ്ട് കമ്പനികളെ സമീപിക്കുകയാണ് ഒരു മാര്‍ഗം. അവരുടെ ശാഖകള്‍ വഴി നിക്ഷേപം നടത്താം. എന്നാല്‍ പല കമ്പനികള്‍ക്കും കേരളത്തില്‍ ഒന്നോ രണ്ടോ ശാഖകള്‍ മാത്രമേയുള്ളൂ എന്നതിനാല്‍ നേരിട്ടുള്ള നിക്ഷേപം ഏറെ ബുദ്ധിമുട്ടാണ്. എന്നാല്‍ എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകള്‍ക്കും എച്ച് ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ എന്നി വയടക്കമുള്ള സ്വകാര്യ ബാങ്കുകള്‍ക്കും മ്യൂച്വല്‍ ഫണ്ട് കമ്പനികളുണ്ട്. ഈ ബാങ്കുകളുടെ ശാഖകള്‍ വഴി നിക്ഷേപം നടത്താം.

ബഹുഭൂരിപക്ഷം ബാങ്കുകളും എല്ലാ മ്യൂച്വല്‍ ഫണ്ട് കമ്പനികളുടേയും പദ്ധതികള്‍ വിപണനം ചെയ്യുന്നുണ്ട്. ഷെയര്‍ ബ്രോക്കിങ് കമ്പനികളുടെ ശാഖകളാണ് ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ലഭ്യമായ മറ്റൊരു മാര്‍ഗം. ഇപ്പോള്‍ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും ബ്രോക്കിങ് കമ്പനികളുടെ ശാഖകളുണ്ട്. ഓണ്‍ ലൈന്‍ നിക്ഷേപവും സാധ്യമാണ്. മ്യൂച്വല്‍ ഫണ്ട് കമ്പനികളുടേയും ബാങ്കുകളടക്കമുള്ള ധനകാര്യസേവന ദാതാക്കളുടേയും വെബ്‌സൈറ്റ് വഴി ഓണ്‍ ലൈനായി മ്യൂച്വല്‍ ഫണ്ട് വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.


ബ്രോക്കിങ് കമ്പനി വഴി ഓഹരി ഇടപാടു നടത്തുന്നതു പോലെ മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങാനും വില്‍ക്കാനുമുള്ള സംവിധാനം സെബി ഒരുക്കി വരികയാണ്. താമസിയാതെ ഈ രീതിയില്‍ നിക്ഷേപം സാധ്യമാകുമെന്നു കരുതാം.


ഓരോ കമ്പനിക്കും അവരുടേതായ പ്രത്യേക അപേക്ഷ ഫോറമുണ്ട്. ഏതു ഫണ്ടിലാണ് നിക്ഷേപമെന്ന് തീരുമാനിച്ച ശേഷം അപേക്ഷ പൂരിപ്പിച്ചു നല്‍കണം. ഒപ്പം നിക്ഷേപ തുക കമ്പനിയുടെ പേരില്‍ ചെക്കായി വേണം നല്‍കാന്‍. ഓണ്‍ ലൈന്‍ പേയ്‌മെന്റിനും സൗകര്യമുണ്ട്. ഇടപാടുകള്‍ക്കായി സ്വന്തം ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കണം. എല്ലാ ഇടപാടുകളും ബാങ്ക് അക്കൗണ്ട് വഴി മാത്രമേ അനുവദിക്കൂ. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.


ജനവരി മുതല്‍ കെ വൈ സി നിര്‍ബന്ധം


മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും കെവൈസി ചട്ടങ്ങള്‍ ജനവരി മുതല്‍ നിര്‍ബന്ധമാക്കി. കെവൈസി എന്നാല്‍ നോ യുവര്‍ ക്ലയന്റ്, അഥവാ നിങ്ങളുടെ ഇടപാടുകാരനെ അറിയുക എന്നര്‍ഥം. നിക്ഷേപകന്റെ ഫോട്ടോ, അഡ്രസ്, സാമ്പത്തിക സ്ഥിതി, തൊഴില്‍ എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഉറപ്പാക്കുകയാണ് കെവൈസിയുടെ ലക്ഷ്യം. ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ഇത് ബാധകമാണെന്നറിയാമല്ലോ?


50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചവര്‍ക്കായിരുന്നു ഇതുവരെ കെവൈസി ബാധകമാക്കിയിരുന്നത്. എന്നാല്‍ ജനവരി മുതല്‍ മ്യൂച്വല്‍ഫണ്ട് നിക്ഷേപകര്‍ക്കെല്ലാം ഇത് ബാധകമാകും. മൈക്രോ ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗത്തില്‍ വരുന്ന എസ്‌ഐപികളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് ഇന്ത്യ ലിമിറ്റഡിന്റെ (സിഡിഎസ്എല്‍) പൂര്‍ണ സബ്‌സിഡിയറിയായ സിഡിഎസ്എല്‍ വെഞ്ച്വേഴ്‌സിനാണ് ഈ വിവരങ്ങള്‍ സമാഹരിക്കേണ്ട ഉത്തരവാദിത്വം. സിഡിഎസ്എല്‍ വെഞ്ച്വേഴ്‌സ് നിശ്ചിത പോയിന്റ് ഓഫ് സര്‍വീസ് വഴി ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.


ജനവരി ഒന്നിന് ശേഷം മ്യൂച്വല്‍ ഫണ്ട് വാങ്ങുന്നവര്‍ നിക്ഷേപത്തിനുള്ള അപേക്ഷയോടൊപ്പം കെവൈസിക്കുള്ള പ്രത്യേക അപേക്ഷയും പൂരിപ്പിച്ചു നല്‍കണം. വേണമെങ്കില്‍ ഇപ്പോള്‍ത്തന്നെ അപേക്ഷ നല്‍കാം. ഫോട്ടോ, വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയും സമര്‍പ്പിക്കണം.


നിലവിലുള്ള നിക്ഷേപകര്‍ കെവൈസിയ്ക്കുള്ള അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം ബ്രോക്കിങ് സ്ഥാപനങ്ങള്‍ പോലുള്ള വിതരണക്കാരെ ഏല്‍പ്പിച്ചാല്‍ മതിയാകും. അപേക്ഷ കൃത്യമായി സമര്‍പ്പിച്ചാല്‍ അത് കൈപ്പറ്റിയെന്നുള്ള അക്‌നോളജ്‌മെന്റ് ലഭിക്കും.


പിന്നീടുള്ള നിക്ഷേപങ്ങള്‍ക്ക് ഇതിന്റെ കോപ്പിമതിയാകും.ഓരോ തവണയും കെവൈസി അപേക്ഷ നല്‍കേണ്ടതില്ല. കെവൈസിക്കുള്ള അപേക്ഷ ആവശ്യമായ രേഖകളില്ലാത്തതിന്റെ പേരില്‍ നിരസിക്കപ്പെട്ടാല്‍ പിന്നീട് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം സാധ്യമാവില്ല.






Financial Tips-Mutual Fund
Free Email Subscription
Enter your email address:
Enter the 5-digit code displayed:
Free email subscription widget